PRIME KOCHI
അവധിക്കാല വിനോദയാത്ര, കൊച്ചി, തൃശൂർ ജില്ലകളിൽ കാണാനുള്ള ഇടങ്ങൾ
അവധിക്കാലമായി, കുട്ടികളെയും കൂട്ടി അടുത്തത്തൊരിടത്തേയ്ക്ക് യാത്ര പോകണോ ? എറണാകുളം, തൃശൂർ ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷനുകൾ ഏതൊക്കെയെന്നു നോക്കാം.
എറണാകുളം എന്നുപറയുമ്പോൾ മെട്രോയും ഫോർട് കൊച്ചിയും മാത്രമല്ല തൃശൂർ എന്നാൽ വടക്കുംനാഥൻ മാത്രമല്ല കാണാനുള്ളത്. മെട്രോയിൽ കയറി ലുലുവിൽ പോകുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു. എന്നാൽ ഈ ആധുനിക സൗകര്യങ്ങൾക്കും നഗരത്തിരക്കുകൾക്കുമപ്പുറം ഒരുപാടുണ്ട് കൊച്ചിയിലും തൃശൂരിലൂം കാണാൻ.
എറണാകുളവും തൃശൂരും തമ്മിൽ 2 മണിക്കൂർ യാത്ര വ്യത്യാസമേയുള്ളുവെന്നറിയാമല്ലോ. വീക്കെൻഡ് അടിച്ചുപൊളിക്കാൻ സമീപ ജില്ലകളിലേക്ക് പെട്ടെന്നൊരു ട്രിപ് പോയിവരാൻ ആഗ്രഹിക്കുന്നവർക്കും സമയ നഷ്ടമില്ലാതെ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ചില സ്പെഷൽ സ്പോട്ടുകൾ പരിചയപ്പെടാം.
ഹിൽ പാലസ്
മുകളിലൂടെയും വെള്ളത്തിലൂടെയുമെല്ലാം നഗരത്തിന്റെ ഹൃദയസ്പന്ദനമായി പാഞ്ഞോടിക്കൊണ്ടിരിക്കുന്ന കൊച്ചി മെട്രോയും വാട്ടർ മെട്രോയും ഗതാഗത വിനിമയം എന്നതിനപ്പുറം ഇന്നും ഒരു ടൂറിസ്റ്റ് ആകർഷണം തന്നെയാണെന്നു പറയാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഇപ്പോഴും ആളുകൾ ഇതിൽ കയറാനും ചുറ്റിയടിക്കാനുമായി എറണാകുളത്തേക്കെത്തുന്നു. എന്നാൽ നഗരക്കാഴ്ചകൾ മാറ്റിനിർത്തി മെട്രോയിൽ തന്നെ കയറി നമുക്ക് ഒരൽപ്പം ചരിത്രത്തിലേക്ക് ഇറങ്ങിച്ചെന്നാലോ.
മണിചിത്രത്താഴിലൂടെ ഹിൽപാലസ് നമുക്ക് ഏറെപ്പേർക്ക് സുപരിചിതമാണ്. എന്നാൽ ഇന്നും ഈ വിസ്മയം യഥാർത്ഥത്തിൽ കാണാത്തവരേറെയുണ്ട് നാട്ടിൽ. 1865-ൽ നിർമ്മിച്ച ഹിൽ പാലസ്, കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമാണിത്. ഹിൽ പാലസ് ആർക്കിയോളജിക്കൽ മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം, മാൻ പാർക്ക്, ചരിത്രാതീത പാർക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവ ഉൾപ്പെടുന്ന ഈ കൊട്ടാരസമുച്ചയം 54 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു.
ഇതിൽ ആകെ 49 കെട്ടിടങ്ങളുണ്ട്. കൊച്ചി നഗരത്തിൽ നിന്ന് 14 കിലോമീറ്റർ അകലെ തൃപ്പൂണിത്തുറയിലാണ് ഹിൽ പാലസ്. നിലവിൽ 11 ഗാലറികളുണ്ടിവിടെ, കൊച്ചി മഹാരാജാവിന്റെയും രാജകുടുംബത്തിന്റെയും പുരാതനവസ്തുക്കൾ, ശിൽപങ്ങൾ, നാണയങ്ങൾ എന്നിവയുടെ ശേഖരം മ്യൂസിയത്തിലുണ്ട്. തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും ഹിൽപാലസ് തുറക്കും.
എങ്ങനെ എത്താം
എറണാകുളം നഗരത്തിൽ നിന്നും നിരവധി ബസുകൾ ഹിൽപാലസിന്റെ മുന്നിൽക്കൂടി കടന്നു പോകുന്നുണ്ട്. അതല്ലെങ്കിൽ തൃപ്പൂണിത്തുറ റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോയ്ക്കോ ടാക്സിക്കോ ഇങ്ങോട്ടെത്താം. ഇനി മെട്രോ കയറി വരണോ, അതിനും വഴിയുണ്ട്. മെട്രോയുടെ തൃപ്പൂണിത്തുറ, എസ് എൻ ജംഗ്ഷൻ എന്നിവയിലേതെങ്കിലും സ്റ്റേഷനിലിറങ്ങിയാലും ഇങ്ങോട്ടേക്കെത്താൻ എളുപ്പമാണ്.
കാടറിഞ്ഞ്, നാട്ടകങ്ങളിലൂടെ കുളിരണിഞ്ഞൊരു യാത്ര
എറണാകുളം ജില്ലയുടെ മറ്റൊരു മുഖം കാണണമെങ്കിൽ യാത്ര പാണയേലി പോരിൽ നിന്നും തുടങ്ങണം. പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ശാന്തമായ സ്ഥലമാണ് പാണിയേലി പോര്. കൊച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പാറക്കെട്ടുകളിലൂടെയും സമൃദ്ധമായ വനങ്ങളിലൂടെയും ഒഴുകിയെത്തുന്ന പെരിയാറിന്റെ സുന്ദരമായ കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.
കോതമംഗലം താലൂക്കിലെ ഭൂതത്താൻകെട്ടാണ് മറ്റൊരിടം. ഭൂതത്താൻകെട്ട് ഡാം, റിസർവോയറിലെ ബോട്ടിംഗ്, കാട്ടിലൂടെയുള്ള ട്രക്കിംഗ് ഇതൊക്കെയാണ് പ്രധാന ആകർഷണം.
അധികം അകലെയല്ലാതെ പുലിമുരുകന്റെ നാടായ പൂയംകുട്ടിയുണ്ട്. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു കൊച്ചുഗ്രാമമാണ് പൂയംകുട്ടി. നാട്ടിലെ പൊള്ളുന്ന ചൂടിൽ നിന്ന് മാറി കാട് കണ്ട് കാട്ടാറിൽ കുളിച്ചുതിമിർക്കാനും കഥകൾ പറഞ്ഞിരിക്കാനും പൂയംകുട്ടിയേക്കാൾ സുന്ദരമായ മറ്റൊരിടമില്ല. എറണാകുളത്തുനിന്നൊരു ഏകദിനയാത്രയ്ക്ക് ഏറെ അനുയോജ്യമാണ് പൂയംകുട്ടി. ആനയിറങ്ങും നാടും എവിടേക്കു നോക്കിയാലും കാണുന്ന കാടും ചേർന്ന പൂയംകുട്ടിയിലൂടെയായിരുന്നു പണ്ടത്തെ മൂന്നാർ-ആലുവ റോഡ്.
മാമലക്കണ്ടം എറണാകുളം ജില്ലയിലാണെന്ന് എത്രപേർക്കറിയാം. ഒരുപാടു കാര്യങ്ങൾ ഒളിഞ്ഞും മറഞ്ഞും കിടക്കുന്ന ഒരു ഗ്രാമമാണ് മാമലക്കണ്ടം. ഇടുക്കിയുടെ അതേ കാലാവസ്ഥലയും പ്രകൃതിയുമാണ് ഈ നാടിന്റെ പ്രത്യേകത. കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം, മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന മാമലക്കണ്ടം ഇപ്പോൾ എറണാകുളം ജില്ലയുടെ ഭാഗമാണ്. മാമലക്കണ്ടത്തെ മുനിയറ ഒരു ചരിത്ര ശിലാ യുഗത്തിന്റെ ബാക്കി പത്രമാണ്. കോയിനിപ്പറ ഹിൽസാണ് മാമലക്കണ്ടത്തെ ഏറ്റവും വലിയ ആകർഷണം.
എങ്ങനെ എത്തിച്ചേരാം
പെരുമ്പാവൂരിൽ നിന്നും ആലുവയിൽ നിന്നും പാണിയേലി പോരിലേക്ക് സ്വകാര്യ ബസ് സർവ്വീസുകളുമുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം അവിടെ അടുത്ത് ഭക്ഷണശാലകളൊന്നുമില്ല . അതുകൊണ്ട് നിങ്ങൾ പോകുമ്പോൾ ആവശ്യത്തിന് വെള്ളവും മറ്റും കരുതുന്നത് നല്ലതാണ്. പിന്നെ വേസ്റ്റും മറ്റും അവിടെ ഇട്ടുപോരാതെയും ശ്രദ്ധിക്കണം.
കോതമംഗലത്ത് നിന്ന് 17 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പൂയംകുട്ടിയില്‍ എത്തിച്ചേരാം. എറണാകുളത്തുനിന്നും വെറും ഒന്നരമണിക്കൂർ മതി ഇവിടെയെത്താൻ. സ്വന്തം വാഹനത്തിലോ, സ്വകാര്യവാഹനങ്ങളിലോ ഇങ്ങോട്ടെയ്ക്കെത്താം. കോതമംഗലത്തുനിന്നും പൂയംകുട്ടിയിലേയ്ക്ക് പ്രൈവറ്റ് ബസ് സർവീസുകളുമുണ്ട്.
കൊച്ചിയിൽ നിന്നു 60 കിലോമീറ്റർ യാത്ര ചെയ്താൽ മാമലക്കണ്ടം എത്താം. സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുത്തോ സ്വന്തം വാഹനത്തിലോ എത്തിച്ചേരാം.
ഫോർട്ട് കൊച്ചി, ബ്രോഡ് വേ ഷോപ്പിങ്, എടപ്പള്ളിയിലെ മ്യൂസിയം ഓഫ് കേരള ഹിസ്റ്ററി, മട്ടാഞ്ചേരി പാലസ്, സാന്താക്രൂസ് ബസ്ലിക്ക, പരദേശി സിനഗോഗ്, വില്ലിങ്ടൺ ഐലൻഡ്, വൈപിൻ ഐലൻഡ്, മുസിരിസ് എന്നിങ്ങനെ നിരവധി സ്ഥലങ്ങളും കൊച്ചിയിൽ സന്ദർശകരെ കാത്തിരിക്കുന്നു.
സാംസ്കാരിക തലസ്ഥാനത്തിന്റെ വർണ്ണകാഴ്ചകളിലൂടെ
പൂരങ്ങളുടെ നാടായ തൃശൂരിന്റെ ഓരോ കാഴ്ചയ്ക്കും ഓരോ നിറമാണ്, ഓരോ ഫീലാണ്. പൂരങ്ങളിലൂടെ, ക്ഷേത്രാനുഷ്ഠാനങ്ങളിലൂടെ, ആഘോഷങ്ങളിലൂടെയെല്ലാം അറിയപ്പെടുന്ന തൃശൂർ ജില്ലയ്ക്ക് എടുത്തുപറയാൻ വേറേയും വ്യത്യസ്തമായ അനുഭവസമ്പത്തുണ്ട്, അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു സ്വകാര്യ അഹങ്കാരമാണെങ്കിലും അതിനുമപ്പുറം ഈ ജില്ലയെ വേറിട്ടുനിർത്തുന്ന കാഴ്ചകളിലേക്കു നമുക്ക് സഞ്ചരിക്കാം.
കോട്ടകളിലൂടെ, കൊട്ടാരങ്ങളിലൂടെ, കുന്നുകൾ താണ്ടി
ആനകളില്ലാത്ത എന്ത് ആഘോഷമാണ് തൃശൂരിനുള്ളത്. എവിടേക്കു തിരിഞ്ഞുനോക്കിയാലും ആനകളെയും അവയെ പരിപാലിക്കുന്ന കോട്ടകളും മറ്റും നമുക്ക് ഈ നാട്ടിൽ കാണാം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ കോട്ടപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയും മുൻ കൊട്ടാരവുമാണ് പുന്നത്തൂർകോട്ട. പുന്നത്തൂർകോട്ട ഒരു കാലത്ത് ഒരു കൊട്ടാരമായിരുന്നുവെങ്കിൽ ഇന്നത് ഗുരുവായൂർ ക്ഷേത്രത്തിലെ ആനകളെ പരിപാലിക്കുന്ന ആനക്കോട്ടയാണ്. വടക്കൻ വീരഗാഥയിലെ മമ്മൂട്ടിയുടെ പ്രശസ്തമായ ചില സീനുകൾ ചിത്രീകരിച്ചത് ഇവിടെയാണ്.
കൊച്ചി രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായിരുന്ന ശക്തൻ തമ്പുരാൻ കൊട്ടാരം മറ്റൊരു കാഴ്ചയാണ്. ശക്തൻ തമ്പുരാൻ അടിത്തറയിട്ട തൃശൂർ നഗരത്തിന്റെ ചരിത്രവും രാജഭരണത്തിന്റെ ഓർമകളും വടക്കേ സ്റ്റാൻഡിനോടടുത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിൽ കാണാം.
കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന ഓട്ടുപാത്രങ്ങൾ, നാണയങ്ങൾ, ചീനഭരണികൾ, മരപ്പാത്രങ്ങൾ, നന്നങ്ങാടി എന്നിവയൊക്കെ സന്ദർശകർക്ക് കാണാം. ശക്തൻ തമ്പുരാന്റെ ശവകുടീരവും വളപ്പിലുണ്ട്. കേരള– ഡച്ച് ശൈലിയിൽ നാലുകെട്ട് മാതൃകയിലാണ് നിർമാണം. 1795 ലാണ് ഇന്നു കാണുന്ന കൊട്ടാരം പൂർത്തിയാക്കിയത്. പിന്നീട് പുരാവസ്തുവകുപ്പ് കൊട്ടാരം നവീകരിച്ച് മ്യൂസിയമാക്കി. രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം.
അധികം പറഞ്ഞുപരിചയമില്ലാത്ത തൃശൂരിന്റെ പ്രകൃതി സ്വത്താണ് വിലങ്ങൻകുന്ന്. തൃശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത്, പച്ചവിരിച്ച നെൽപാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്. പ്രകൃതിയും നഗരവും കൈകോർത്തു സല്ലപിക്കുന്ന കാഴ്ച ആവോളം ആസ്വദിക്കേണ്ടവർക്ക് വിലങ്ങൻ കുന്നിലേക്ക് വരാം.
മനം മയക്കുന്ന വിസ്മയ കാഴ്ചകൾക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാല ചരിത്രവും ഈ കുന്നിന് പറയാനുണ്ട്. അക്കാലത്ത് ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാംപും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. വിലങ്ങൻ കുന്നിന്റെ മുകളിൽനിന്നും ചുറ്റും നോക്കിയാൽ കിഴക്ക് സഹ്യപർവ്വതനിരകൾ, പെരുമല, തയ്യൂർ കോട്ട, പടിഞ്ഞാറ് അറബിക്കടൽ, തൃശൂർ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം.
എങ്ങനെ എത്തിച്ചേരാം
ഗുരുവായൂർ ക്ഷേത്രത്തിനടുത്തായിട്ടാണ് പുന്നത്തൂർ കോട്ട. രണ്ടുകിലോമീറ്റർ മാത്രമേ ദൂരമുള്ളു ഇവിടെ നിന്നും. നടന്നോ, വാഹനത്തിലോ ഇങ്ങോട്ടേയ്ക്കെത്താം.
ശക്തൻ തമ്പുരാൻ കൊട്ടാരം തൃശൂരിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്ററും വടക്കുനാഥൻ ക്ഷേത്രത്തിൽ നിന്ന് 2 കിലോമീറ്ററും അകലെയാണ് ഇത്.നിങ്ങൾക്ക് എളുപ്പത്തിൽ ഏതെങ്കിലും പ്രാദേശിക ഗതാഗതത്തിലൂടെയോ അല്ലെങ്കിൽ ഒരു സ്വകാര്യ ടാക്സി വാടകയ്ക്ക് എടുത്തോ ഇങ്ങോട്ടെയ്ക്കെത്താം.
കോഴിക്കോട് റൂട്ടിൽ അമല മെഡിക്കൽ കോളജിനു സമീപമാണ് ജൈവ വൈവിധ്യം വിരുന്നൊരുക്കുന്ന വിലങ്ങൻകുന്ന്. തൃശ്ശൂർ നഗരത്തിനുള്ളിൽ നിന്നും 9 കിലോമീറ്റർ അകലെയാണിത്. തൃശ്ശൂർ ബസ് സ്റ്റാന്റിൽ നിന്നും നേരിട്ട് ഇങ്ങോട്ടെയ്ക്ക് ബസുകൾ ലഭിക്കും. സ്വന്തം വാഹനത്തിലും വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാനാകും.
കുടക്കല്ല് പറമ്പ്, അതിരപ്പിള്ളി, ശക്തൻ തമ്പുരാൻ പാലസ്, ചെറുപ്പ് വുഡൻ എലഫെൻസ്, വൈദ്യരത്നം ആയുർവേദ മ്യൂസിയം, കൊടുങ്ങല്ലൂർ, കുത്താംപുള്ളി, ഏഴാറ്റുമുഖം, ചീപ്പാറ റോക്ക് ഗാർഡൻ, ആർക്കിയോളജിക്കൽ മ്യൂസിയം, പുന്നത്തൂർ കോട്ട, കേരള സംഗീത നാടക അക്കാഡമി, ചിമ്മിനി വൈൽഡ് ലൈഫ് സാഞ്ചുറി, തൃശൂർ വടക്കുംനാഥ ടെംപിൾ, പീച്ചി വാഴച്ചാൽ വൈൽഡ് ലൈഫ്, ആറാട്ടുപുഴ, കേരള സാഹിത്യ അക്കാദമി...തുടങ്ങിയ നിരവധി സ്ഥലങ്ങളും സഞ്ചാരികൾക്ക് മികച്ച യാത്രാ അനുഭവം നൽകുന്നു.
Comments