top of page
  • Writer's picturePRIME KOCHI

അന്യഗ്രഹജീവികൾ ഭൂമിയിൽ എത്തുമോ...?!




എന്തൊരു മണ്ടൻ ചോദ്യമാണിത്...?

അന്യഗ്രഹജീവികൾ ഉണ്ടെന്നുള്ളതിന് ഇന്നേ വരെ ശാസ്ത്രീയമായ ഒരു തെളിവു പോലും ഇല്ല. പിന്നെന്തിനാണ് ഇങ്ങനെയുള്ള ചോദ്യങ്ങൾ എന്നായിരിക്കും നിങ്ങളുടെ ചിന്ത.


എന്നാൽ നാം ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. തെളിവുകൾ ഇല്ല എന്ന കാരണം കൊണ്ട് മാത്രം ഒന്നും ഇല്ലാത്തതാകുകയോ, ഇല്ലാതെയാവുകയോ ചെയ്യുന്നില്ല. തെളിവുകൾ കണ്ടെത്താനാകാത്തത് നമ്മുടെ പരിമിതികൾ കൊണ്ടാണെങ്കിൽ ? ഇങ്ങനെയുള്ള ചിന്തയാണ് ശാസ്ത്ര സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്.


എല്ലാക്കാലവും നമ്മുടെ അറിവും, സൗകര്യങ്ങളും പരിമിതമാണെന്ന തോന്നലിൽ നിന്നാണ് ഓരോ ശാസ്ത്ര ചിന്തകളും, കണ്ടുപിടിത്തങ്ങളും ഉണ്ടായിട്ടുള്ളത്. പല കണ്ടുപിടിത്തങ്ങളും ഭാവനയുടെ ബലത്തിൽ നിന്ന് പ്രയത്നത്തിന്റെ കൈ പിടിച്ച് ഉണ്ടായി വന്നിട്ടുള്ളവയാണ്.


മനുഷ്യന്റെ പറക്കാനുള്ള മോഹവും, ഭാവനയും ഒപ്പം പ്രയത്നവും  ഒത്തു ചേർന്നപ്പോഴാണ് വിമാനം നിർമിക്കുന്നതിലേക്ക്, അല്ലെങ്കിൽ അത്തരമൊരു സാങ്കേതികവിദ്യ കണ്ടുപിടിക്കുന്നതിലേയ്ക്ക് മനുഷ്യനെ നയിച്ചത്.


വിമാന നിർമ്മാണം സാങ്കേതികവിദ്യ കണ്ടെത്തലും, അന്യഗ്രഹ ജീവികൾ എന്നത് ഉണ്ടെന്ന് വിശ്വസിക്കുന്ന ഒന്നും അല്ലേ  എന്ന ചോദ്യം ഉണ്ടായേക്കാം.


ഇരുട്ടിൽ പൂച്ചയുണ്ട് എന്ന തോന്നൽ ഉണ്ടായാൽ, ശാസ്ത്രലോകം ചെയ്യുന്നത് ഇരുട്ടിൽ തപ്പി നടക്കുകയല്ല. മറിച്ച് ഇരുട്ടിൽ കാഴ്ച നൽകുന്ന ഒരു സാങ്കേതികവിദ്യ കണ്ടെത്തുകയാണ് ചെയ്യുക. അതുപയോഗിച്ച് എളുപ്പത്തിൽ ഇരുട്ടിൽ എന്തെങ്കിലും ഉണ്ടോ എന്നന്വേഷിക്കും.


അത് തന്നെയാണ് അന്യഗ്രഹജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്. അന്യഗ്രഹജീവികളോ അവരുടെ വാഹങ്ങളോ ഉണ്ടെങ്കിൽ അത് കണ്ടെത്താനുള്ള സാങ്കേതികവിദ്യ ശാസ്ത്രലോകത്തുണ്ട്. അന്യഗ്രജീവികൾ ഏതെങ്കിലും വിധത്തിൽ പുറപ്പെടുവിക്കുന്ന സിഗ്നലുകൾ പിടിച്ചെടുക്കാൻ അല്ലെങ്കിൽ കണ്ടെത്താൻ റഡാറുകളും, റേഡിയോ ടവറുകളും പല രാജ്യങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

 

ഇത് കൂടാതെ കൃത്രിമ ഉപഗ്രഹങ്ങളിൽ പലതിലും അവയുടെ അടുത്തെ ത്തുന്ന അല്ലെങ്കിൽ അവയുടെ പരിധിയിലോ, കിലോമീറ്ററുകൾക്ക് അപ്പുറത്തോ പോലും എത്തുന്ന വസ്തുക്കളെ അവയുടെ സിഗ്നലുകളെ തിരിച്ചറിയാനുള്ള റഡാറുകൾ ഉണ്ട്.


അതായത് ഇത്തരം നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് ഒരു അന്യ ഗ്രഹ ജീവിയും ഭൂമിയുടെ അടുത്തെത്തില്ലെന്ന് ചുരുക്കം.


ശാസ്ത്രം വ്യക്തമാക്കുന്ന ഒന്നുകൂടിയുണ്ട്. ഇതുവരെയുള്ള നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്ന് അനുമാനിക്കുന്നത്, മറ്റേതെങ്കിലും ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നുണ്ടെങ്കിലും അത് 200 പ്രകാശവർഷം അകലെയുള്ള ഏതെങ്കിലും ഗ്രഹത്തിൽ ആയിരിക്കും. അങ്ങനെയെങ്കിൽ അവിടെ നിന്ന് ഒരു ജീവിക്കോ വസ്തുവിനോ ഭൂമിയിൽ എത്തുക എന്നത് എളുപ്പമല്ല.

 

അതിനു പ്രധാന കാരണം അത്ര വേഗത്തിൽ സഞ്ചരിക്കാനാകുന്ന ഒരു വാഹനം അല്ലെങ്കിൽ വിദ്യ ഉണ്ടാകില്ല  എന്നതാണ്. പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനം ഉണ്ടെങ്കിൽ പോലും 200 വർഷങ്ങൾ വേണ്ടിവരും അവർക്ക് ഇവിടെ എത്താൻ.


അത്ര ഊർജ്ജവും സാങ്കേതിക വിദ്യയും കൈവരിച്ചിരിക്കുന്ന ഒരു അന്യഗ്രഹസമൂഹം ഉണ്ടെങ്കിൽ അവർ വരട്ടേ. എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്നതായിരിക്കും ബുദ്ധിപരമായ ചിന്ത.

1/2
bottom of page