top of page
Writer's picturePRIME KOCHI

അവസാന ഓവർ വരെ ആവേശം; ഡൽഹിയെ വീഴ്ത്തി ആർസിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎൽ കിരീടം

വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു കിരീടം. 114 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 3 പന്ത് ബാക്കിനിർത്തി 8 വിക്കറ്റിനാണ് വിജയിച്ചത്. 35 റൺസ് നേടിയ എലിസ് പെറി ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോററായി. (wpl rcb won delhi)


കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ ശ്രദ്ധാപൂർവമാണ് ബാറ്റ് വീശിയത്. സാവധാനം കളിച്ചാലും വിജയിക്കാമെന്നതിനാൽ സ്മൃതി മന്ദനയും സോഫി ഡിവൈനും അതിനനുസരിച്ചാണ് ബാറ്റ് വീശിയത്.


ഡൽഹി ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞ് ആർസിബിയ്ക്ക് സ്കോറിങ് ദുഷ്കരമാക്കുകയും ചെയ്തു. ആദ്യ പവർ പ്ലേയിൽ വെറും 25 റൺസാണ് ആർസിബി നേടിയത്.


പവർ പ്ലേയ്ക്ക് ശേഷം സോഫി ഡിവൈൻ ചില ബൗണ്ടറികൾ നേടി. രാധ യാദവിൻ്റെ ഒരു ഓവറിൽ 18 റൺസ് നേടിയ ഡിവൈൻ കളി ആർസിബിയ്ക്ക് അനുകൂലമാക്കി. 27 പന്തിൽ 32 റൺസ് നേടിയ താരത്തെ ഒടുവിൽ ശിഖ പാണ്ഡെ മടക്കി അയച്ചു.


49 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് ഡിവൈൻ മടങ്ങിയത്. മൂന്നാം നമ്പറിലെത്തിയ എലിസ് പെറിയും സാവധാനമാണ് കളിച്ചത്. 15ആം ഓവറിൽ മലയാളി താരം മിന്നു മണി 31 റൺസ് നേടിയ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദനയെ പുറത്താക്കി ഡൽഹിയ്ക്ക് പ്രതീക്ഷ നൽകി.


മന്ദന പുറത്തായതിനു പിന്നാലെ സ്കോറിങ് ചുമതല ഏറ്റെടുത്ത എലിസ് പെറി ഇന്നിങ്സ് സാവധാനം മുന്നോട്ടുനയിച്ചു. തകർപ്പൻ ബൗളിംഗും ഫീൽഡിംഗും കാഴ്ചവച്ച ഡൽഹി ആർസിബിയുടെ ചേസിങ് അവസാന ഓവറിലേക്ക് നീട്ടുകയായിരുന്നു.


അവസാന ഓവറിൽ അഞ്ച് റൺസ് ആയിരുന്നു വിജയലക്ഷ്യം. അരുന്ധതി റെഡ്ഡി എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ ബൗണ്ടറി നേടി റിച്ച ഘോഷ് ആർസിബിയ്ക്ക് ആദ്യ ഡബ്ല്യുപിഎൽ കിരീടം സമ്മാനിക്കുകയായിരുന്നു.


ആദ്യം ബാറ്റ് ചെയ്ത ഡൽഹി 18.3 ഓവറിൽ 113 റൺസിന് ഓൾ ഔട്ടായി. 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 64 എന്ന നിലയിൽ നിന്നാണ് ഡൽഹി അവിശ്വസനീയമായി തകർന്നത്. 12 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടിൽ ആണ് ഡൽഹിയെ തകർത്തെറിഞ്ഞത്. 44 റൺസ് നേടിയ ഷഫാലി വർമ ഡൽഹിയുടെ ടോപ്പ് സ്കോററായി.

Komentarze

Oceniono na 0 z 5 gwiazdek.
Nie ma jeszcze ocen

Oceń
1/2
bottom of page