കുക്കറിൽ ചോറും കറിയും പാകം ചെയ്യുന്നവർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ.
അരിയും, ധാന്യങ്ങളും വേവാൻ എത്ര വിസിൽ വേണം. എളുപ്പത്തിൽ മനസിലാക്കാം.
അടുക്കളയിലെ സഹായികളിൽ പ്രധാനിയാണ് കുക്കർ. പയറും കടലയും പരിപ്പും എന്നുവേണ്ട അരി വരെ വേവിച്ചെടുക്കാൻ കുക്കറാണ് നാം ഉപയോഗിച്ചുപോരുന്നത്. അടുക്കളയിലെ തുടക്കക്കാർക്ക് ചിലപ്പോഴൊക്കെ ആശങ്കയുണ്ടാകുന്ന ഒന്നാണ് എത്ര വിസിലുകളിൽ മേല്പറഞ്ഞവയെല്ലാം വേവിച്ചെടുക്കാൻ കഴിയുമെന്നത്.
കുക്കറുകൾക്കു അനുസരിച്ചും സാധനങ്ങളുടെ അളവിനനുസരിച്ചും വിസിലുകളുടെ എണ്ണത്തിൽ വ്യത്യാസം വരാം. പൊതുവെ കുക്കറിൽ ഓരോന്നും വേവിച്ചെടുക്കാൻ എത്ര സമയമെടുക്കുമെന്നു നോക്കാം.
ഒരു കപ്പ് അരി
മിക്കവരും തന്നെ ഇപ്പോൾ പ്രഷർ കുക്കറിലാണ് ചോറ് തയാറാക്കിയെടുക്കുന്നത്. അരി വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഉയർന്ന തീയിൽ ഒരു വിസിൽ വന്നതിനു ശേഷം ഉടനെ തന്നെ തീ കുറച്ചു വയ്ക്കണം. ഇനി എട്ടു മുതൽ പത്തു മിനിറ്റ് വരെ ചെറിയ തീയിൽ ഇരിക്കട്ടെ. തീ ഓഫാക്കി മുഴുവൻ പ്രെഷറും പോകുന്നതു വരെ മാറ്റിവച്ചതിനു ശേഷം തുറക്കാവുന്നതാണ്. അരി പാകത്തിന് വെന്തതായി കാണുവാൻ കഴിയും.
ഈ രീതി പിന്തുടരാവുന്നതാണെങ്കിലും ഉപയോഗിക്കുന്ന പ്രെഷർ കുക്കറിന് അനുസരിച്ചു ചിലപ്പോൾ സമയ വ്യത്യാസം അനുഭവപ്പെടാനിടയുണ്ട്. ചില അരിയ്ക്കു വേവ് കൂടുതലുണ്ടെങ്കിലും മേല്പറഞ്ഞ സമയത്തിൽ വ്യതിയാനം വരാനിടയുണ്ട്.