PRIME KOCHI
നീയാണ് എന്റെ അടുത്ത സിനിമയുടെ സംവിധായകൻ
ശാന്തനായ സിംഹം രൗദ്രരൂപം പ്രാപിക്കുന്ന പ്രകടനവുമായി രജനി സ്‌ക്രീനിൽ നിറയുമ്പോൾ ജയിലർ ഒരു പക്കാ രജനി ഷോ ആകുകയായിരുന്നു. കൊടൂര വില്ലനായി വിനായകൻ. മോഹൻലാൽ, ജാക്കി ഷെറോഫ് തുടങ്ങി കാമിയോ റോളിൽ എത്തുന്ന സൂപ്പർ താരങ്ങൾ കൂടിയാകുന്നതോടെ ജയിലർ ഒരു മാസ് എന്റർടെയിനർ ആയി മാറി.
ഒന്നിനൊന്ന് മികച്ച പ്രകടനം തന്നെയാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട എല്ലാവരും കാഴ്ച വച്ചത്. അവാർഡിന് പരിഗണിക്കാവുന്ന പ്രകടനം എന്നല്ല അതിനർത്ഥം. മറിച്ച്, ഓരോ നടനും നടിയും അവരവരുടെ വേഷങ്ങൾ ഒരു നെൽസൺ ചിത്രത്തിന് വേണ്ടി തിമിർത്താടി എന്ന് പറയാം.
നെൽസൺ എന്ന സംവിധായകന്റെ മുൻ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മനസിലാക്കിയിട്ടുള്ളവർക്ക് അറിയാം, ഏതൊക്കെ കഥാപാത്രങ്ങൾ ഏതു വിധത്തിലൊക്കെ 'ഡാർക്ക് കോമഡികൾ' അവതരിപ്പിച്ചേക്കാം എന്ന്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് ജയിലറിലെ കാഥാപാത്രങ്ങളുടെ സൃഷ്ടിയും സംഹാരവും ഒക്കെ തന്നെ.
ചിത്രത്തിലെ മാസ് സീൻ ഏതാണെന്നതിൽ പലർക്കും പല അഭിപ്രായങ്ങൾ കണ്ടേക്കാം. രജനിയുടെ ആക്ഷനോ, മോഹൻലാലിന്റെ ഇൻട്രോ സീനോ, അല്ലെങ്കിൽ വിനായകന്റെ പ്രകടനമോ ഒക്കെയാവാം.
എന്നാൽ എല്ലാ പ്രേക്ഷകരെയും ഒരേ പോലെ ആകർഷിച്ച, ചിരിപ്പിച്ച, അതിലൂടെ മികച്ച രംഗമായി മാറിയ ഒന്നുണ്ട് ചിത്രത്തിൽ. സുനിൽ വർമ്മ എന്ന തെലുഗു നടന്റെ കഥാപാത്രം പ്രത്യക്ഷപ്പെടുന്ന രംഗമാണ് അത്. ബ്ളാസ്റ്റ് മോഹൻ എന്ന ചലച്ചിത്ര താരമായിട്ടാണ് സുനിൽ ചിത്രത്തിലെത്തുന്നത്.
ബ്ളാസ്റ്റ് മോഹൻ എന്ന കഥാപാത്രം, പുതുതായി റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് നെഗറ്റീവ് റിവ്യൂ മാത്രം പറയുന്ന വ്‌ളോഗർക്ക് പത്ത് ലക്ഷം രൂപയുടെ ചെക്ക് നൽകിയിട്ട് പറയുന്ന ഡയലോഗ് ഉണ്ട്. " നീയാണ് എന്റെ അടുത്ത ചിത്രത്തിന്റെ ഡയറക്ടർ... നീ കഥയെഴുതി സംവിധാനം ചെയ്ത് എന്റെ അടുത്ത ചിത്രം ഹിറ്റ് ആക്കി കാണിക്ക്..." എന്നാണ് അത്.
ചിന്തിക്കുന്നവരെ നന്നായി തന്നെ ചിരിപ്പിച്ച ഒരു ട്രോളായിരുന്നു ആ രംഗം. വർത്തമാനകാല സിനിമാ ലോകം നേരിടുന്ന ഒരു പ്രതിസന്ധിയെ സരസമായി അവതരിപ്പിച്ചിരിക്കുന്ന രംഗം.
വൈകാരിക രംഗങ്ങളിൽ പോലും ചില കോമഡി ഡയലോഗുകൾ ചിരിപ്പിച്ച് കടന്നു പോകുന്നുണ്ടെങ്കിലും, ഇത്ര ബ്രില്യന്റ് ആയ ഒരു തമാശ ചിത്രത്തിൽ മറ്റൊരിടത്തും ഇല്ല എന്ന് തന്നെ പറയാം.
പ്രേക്ഷകരുടെ മനസും ബോക്സ് ഓഫിസും നിറച്ച് ജയിലർ മുന്നേറിക്കൊണ്ടിരിക്കുന്നു. രജനി എന്ന സൂപ്പർതാരത്തിന്റെ താരമൂല്യം എങ്ങനെ വിദഗ്ദമായി ഉപയോഗിക്കാം എന്നാണ് നെൽസൺ തന്റെ ചിത്രത്തിലൂടെ കാണിച്ച് തന്നത്.
Comments