top of page
  • Writer's picturePRIME KOCHI

മ്ലാവ് ഇറച്ചിയുമായി നായാട്ട് സംഘാംഗം പിടിയിൽ, രണ്ടുപേർ ഒളിവിൽ

കോതമംഗലം: കോട്ടപ്പാറ വനത്തിൽ മ്ലാവിനെ വേട്ടയാടിയ മൂവർ സംഘത്തിലെ ഒരാൾ നാടൻതോക്കുമായി അറസ്റ്റിൽ. രണ്ടുപേർ ഒളിവിൽ.


പ്ലാമുടി കല്ലറയ്ക്കൽ ജോൺസൻ (54) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന ഷിജോ സെബാസ്റ്റ്യൻ, തരുൺ ശിവൻ എന്നിവർ ഓടി രക്ഷപ്പെട്ടു.


പ്ലാമുടിക്കു സമീപം സംരക്ഷിത വനമേഖലയിലെ കുർബാനപ്പാറ ഭാഗത്തുെവച്ചാണ് മ്ലാവിനെ വേട്ടയാടിയതെന്ന് വനപാലകർ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 1.30-നാണ് സംഭവം.


നാലു വയസ്സ് തോന്നിക്കുന്ന മ്ലാവിനെയാണ് വെടിെവച്ചു കൊന്നത്. 75 കിലോ ഇറച്ചിയും ലൈസൻസ് ഇല്ലാത്ത രണ്ട് നാടൻതോക്കും തിരകളും മൂന്ന് കത്തിയും കണ്ടെടുത്തു. ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു.


പ്ലാമുടി ഭാഗത്ത് നൈറ്റ് പട്രോളിങ്ങിനു പോയ മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ വനത്തിൽ വെടിയൊച്ച കേട്ട് നടത്തിയ പരിശോധനയിലാണ് ജോൺസൻ പിടിയിലായത്.


രണ്ട് ചാക്കിലും പ്ലാസ്റ്റിക്‌ ബാഗിലുമായി വേട്ടയാടിയ ഇറച്ചിയുമായി മൂവരും നടന്നുവരുകയായിരുന്നു.


ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജോൺസനെ വനപാലകർ പിന്നാലെ ഓടി പിടികൂടി. മേയ്ക്കപ്പാല ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ. മനോജ്് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീട് സംഭവസ്ഥലത്തെത്തി മ്ലാവിന്റെ ജഡാവശിഷ്ടം കണ്ടെത്തി പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിച്ചു.


മ്ലാവിന്റെ തലയ്ക്കാണ് വെടിയേറ്റത്. ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം െവച്ചതിന് ആയുധ നിയമപ്രകാരം നിയമ നടപടിക്ക് പോലീസിന് കൈമാറി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2
bottom of page