top of page

നക്ഷത്രസമൂഹങ്ങൾക്ക് ശിവനും ശക്തിയുമെന്ന് പേര്; കണ്ടെത്തിയത് ജർമന്‍ ശാസ്ത്രജ്ഞർ

Writer's picture: PRIME KOCHIPRIME KOCHI

ഭൂമിയുൾപ്പെടുന്ന നക്ഷത്രസമൂഹമായ ക്ഷീരപഥത്തിലെ 2 പ്രാചീന നക്ഷത്രക്കൂട്ടങ്ങളെ ശാസ്ത്രജ്ഞർ കണ്ടെത്തി . 1200 മുതൽ 1300 കോടി വർഷങ്ങൾ പഴക്കമുള്ള ഈ താരക്കൂട്ടങ്ങൾ പ്രപഞ്ചത്തിൽ ആദ്യ താരാപഥങ്ങൾ ഉണ്ടാകാൻ തുടങ്ങിയ കാലം മുതലുള്ളതാണ്. ഈ താരക്കൂട്ടങ്ങൾക്ക് ശക്തി, ശിവ എന്നാണു പേര് നൽകിയിരിക്കുന്നത്.


ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഖ്യാതി മൽഹാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണു കണ്ടെത്തലിനു പിന്നിൽ. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഗയ്യ ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങളും യുഎസ് സ്ലോൻ ഡിജിറ്റൽ സ്കൈ സർവേയിൽ നിന്നുള്ള വിലയിരുത്തലുകളും ഒത്തുചേർന്നാണു ഗവേഷണം.


സ്പൈറൽ രൂപത്തിലുള്ള ക്ഷീരപഥത്തിന്റെ ഹസ്തഘടനയിലുള്ള നക്ഷത്രങ്ങളെക്കാൾ പഴക്കമുള്ളതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നവ. ഓരോ താരക്കൂട്ടത്തിനും ഒരു കോടി സൂര്യൻമാരുടെ പിണ്ഡമുണ്ട്. ആകാശഗംഗയുടെ അതിപ്രാചീന ബാല്യദശയിൽ ഇവ ഈ നക്ഷത്രസമൂഹത്തിലേക്കു കൂടിച്ചേരുകയാണുണ്ടായത്.


ഒരു ലക്ഷം പ്രകാശവർഷങ്ങളാണ് ആകാശഗംഗയുടെ വ്യാസം. ആകാശഗംഗയുടെ സമീപം സ്ഥിതി ചെയ്യുന്ന ഏറ്റവും അടുത്ത ഗാലക്സി ആൻഡ്രോമെഡയാണ്. ആദ്യകാലത്ത് ആകാശഗംഗ മാത്രമായിരുന്നു പ്രപഞ്ചത്തിലെ ഏക താരാപഥമെന്നായിരുന്നു വിശ്വാസം.


എന്നാൽ നമുക്ക് നിരീക്ഷിക്കാനായിട്ടുള്ള പ്രപഞ്ചത്തിൽ തന്നെ 100,00 കോടി ഗാലക്സികൾ സ്ഥിതി ചെയ്യുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നമ്മുടെ താരാപഥമായ ആകാശഗംഗ ‘സ്പൈറൽ’ ഗണത്തിൽ വരുന്ന രൂപമുള്ളതാണ്.


പ്രപഞ്ചത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ താരാപഥം ആകാശഗംഗയല്ല. ആകാശഗംഗയെക്കാൾ 160 മടങ്ങ് വലിപ്പമുള്ളതാണ് അൽസ്യോന്യുസ് എന്നുള്ള ആ ഗാലക്സി. ഭൂമിയിൽ നിന്ന് 300 കോടി പ്രകാശവർഷം അകലെയാണ് ഈ ഗാലക്സി.


1.63 കോടി പ്രകാശവർഷങ്ങളാണ് ഈ ഗാലക്സിയുടെ വീതി. ഒരറ്റത്തു നിന്നു പ്രകാശം പുറപ്പെട്ടാൽ മറ്റേ അറ്റത്തെത്താൻ 1.63 കോടി പ്രകാശവർഷമെടുക്കും. റേഡിയോ ഗാലക്സി വിഭാഗത്തിൽപെടുന്ന അൽസോന്യൂസിന്റെ കേന്ദ്രഭാഗത്ത് അതീവ പിണ്ഡമുള്ള ഒരു തമോഗർത്തം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് നമ്മുടെ നക്ഷത്രമായ സൂര്യന്റെ 400 മടങ്ങ് പിണ്ഡമുണ്ട്.


ആകാശഗംഗയുടെ കേന്ദ്രഭാഗത്ത് സജിറ്റേറിയസ് എ സ്റ്റാർ എന്ന ഭീമൻ തമോഗർത്തം സ്ഥിതി ചെയ്യുന്നുണ്ട്. ഭൂമിയിൽ നിന്ന് 25000 പ്രകാശവർഷം അകലെയാണ് ഇത്. 10,000 കോടിയിലധികം നക്ഷത്രങ്ങൾ ഉൾപ്പെടുന്നതാണ് ആകാശഗംഗ. 10 കോടിയോളം തമോഗർത്തങ്ങൾ ഇതിലുണ്ട്. 1980ലാണ് ആകാശഗംഗയുടെ കേന്ദ്രഭാഗത്തെ തമോഗർത്തം കണ്ടെത്തപ്പെട്ടതും ഇതിനു പേരു നൽകിയതും.


ആകാശഗംഗ താരവ്യവസ്ഥയിൽ മറ്റ് അന്യഗ്രഹജീവി സമൂഹങ്ങളുണ്ടെന്നും ഇവയിൽ കുറഞ്ഞത് 4 എണ്ണമെങ്കിലും വിദൂരഭാവിയിൽ നമ്മുടെ ഗ്രഹമായ ഭൂമിയെ ആക്രമിച്ചേക്കാമെന്നും ഇടയ്ക്കൊരു കൗതുകപരമായ പഠനം പുറത്തിറങ്ങിയിരുന്നു. സ്പെയിനിലെ വിഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ആൽബർട്ടോ കാബല്ലെറോയാണ് ആ പഠനത്തിനു പിന്നിൽ.


ഇടയ്ക്ക് ക്ഷീരപഥത്തിലെ ഗാംഗോത്രി വേവ് എന്ന വാതക മേഘഘടന കണ്ടെത്തിയിരുന്നു, മലയാളി യുവശാസ്ത്രജ്ഞ ഡോ. വി.എസ്.വീണയായിരുന്നു കണ്ടെത്തലിനു പിന്നിൽ ക്ഷീരപഥത്തിന്റെ മധ്യഭാഗത്തായി നൂലുപോലെ നീണ്ട വാതകമേഘപടലമാണു ഗംഗോത്രി വേവ്.


ക്ഷീരപഥത്തിന്റെ രണ്ടു കരങ്ങളെ ഇതു ബന്ധിപ്പിക്കുന്നു. 6000 മുതൽ 13,000 വരെ പ്രകാശവർഷം അകലത്തിലാണ് ഇ. 9 ദശലക്ഷം സൂര്യൻമാരുടെ പിണ്ഡമാണ് ഇവിടെ സ്ഥിതി ചെയ്യുന്നതെന്നും ഗവേഷണത്തിൽ വെളിപ്പെട്ടു.

0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2

Prime Kochi

Prime Kochi is a web portal, based in Kerala, is committed to a new media culture on well researched texts, visual narratives and podcasts.

Subscribe us

  • Instagram
  • Facebook
  • Twitter
  • Youtube

Copyright © 2024. PrimeKochi. Designed, Developed & Maintained by Intertoons.com

bottom of page