PRIME KOCHI
ത്രിപുരയില്‍ BJP-ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ച് പ്രചാരണത്തിന്
ത്രിപുരയില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് കോണ്‍ഗ്രസും സി.പി.എമ്മും. ഇരുപാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംയുക്തമായി പ്രചാരണം നടത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അറിയിച്ചു. ധാരണ പ്രകാരം ത്രിപുരയിലെ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോ സീറ്റിലാണ് സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
'പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിന്റേയും മണിക് സര്‍ക്കാരിന്റേയും സാന്നിധ്യത്തില്‍ ഞങ്ങളുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു. വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നും പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആശിഷ് കുമാര്‍ സാഹയ്ക്ക് പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം പട്ടികവര്‍ഗ സംവരണ മണ്ഡലമായ ത്രിപുര ഈസ്റ്റില്‍ മുതിര്‍ന്ന സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ രാജേന്ദ്ര റിയാങ് മത്സരിക്കും.' -ജിതേന്ദ്ര ചൗധരി പറഞ്ഞു. ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ തങ്ങള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ആശിഷ് കുമാര്‍ സാഹയും വ്യക്തമാക്കി.
ത്രിപുര ഈസ്റ്റിന് പുറമെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രാംനഗര്‍ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. 'ടീം മോദി'ക്കെതിരായ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം ജനാധിപത്യം പുനഃസ്ഥാപിക്കാനും ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്താനും കോര്‍പ്പറേറ്റ് ഭരണത്തില്‍ നിന്ന് രക്ഷിക്കാനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ ജനങ്ങളുടെ വികാരത്തിന് ഒരു വിലയും കല്‍പ്പിക്കാത്തവരാണ് ബി.ജെ.പി. അതിനാല്‍, സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ ത്രിപുരയിലെ രണ്ട് സീറ്റിലും അവര്‍ പരാജയപ്പെടും.' -ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു.
Comments