PRIME KOCHI
കുട്ടികൾ സ്നേഹിക്കുന്ന ക്യാപ്റ്റൻ അമേരിക്കയുടെ ജനനകഥ
രണ്ടാം ലോകയുദ്ധകാലത്ത് പ്രതിരോധ രംഗത്തെ സഹായിച്ചതിൽ കോമിക്സുകൾക്ക് വലിയ ഒരു സ്ഥാനമുണ്ട്. അന്ന് അമേരിക്കയിൽ പ്രചാരത്തിലുണ്ടായിരുന്ന പല കോമിക്സുകളും യുദ്ധസംബന്ധിയായ തീമുകൾ പുറത്തിറക്കി. സൈന്യത്തിനും പോരാട്ടത്തിനും ജനങ്ങളുടെ ഇടയിൽ പിന്തുണ ഉറപ്പിക്കുക എന്ന പ്രൊപ്പഗാൻഡ കൂടി കോമിക്സുകൾ വഹിച്ചിരുന്നു.
അക്കാലമാണ് ക്യാപ്റ്റൻ അമേരിക്കയുടെ പിറവിയുടെ കാലം. ലോകമെമ്പാടുമുള്ള അനേകലക്ഷം ആളുകളുടെ ആരാധനാപാത്രമായ അവഞ്ചേഴ്സ് കഥാപാത്രം ക്യാപ്റ്റൻ അമേരിക്കയുടെ ഔദ്യോഗികമായ തുടക്കം 1941 മാർച്ച് ഒന്നിനാണ്.അക്കാലം വച്ച് കണക്കാക്കിയാൽ 83 വയസ്സ് പിന്നിട്ടിരിക്കുകയാണ് ക്യാപ്റ്റൻ അമേരിക്ക
രണ്ടാം ലോകയുദ്ധകാലത്തിന്റെ ചരിത്രവുമായും അമേരിക്കൻ പ്രതിരോധരംഗവുമായും ഇഴചേർന്നു കിടക്കുകയാണ് ഈ കഥാപാത്രം.എഴുത്തുകാരനായ ജോ സൈമണും ആർട്ടിസ്റ്റായ ജാക്ക് കിർബിയുമാണ് 1941 മാർച്ച് ഒന്നിലെ ടൈംലി കോമിക്സിന്റെ പുസ്തകത്തിനായി ക്യാപ്റ്റൻ അമേരിക്കയെ സൃഷ്ടിച്ചത്.മാർച്ച് ഒന്നിനു പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും രണ്ടുമാസം മുൻപ് തന്നെ പുസ്തകം ഇറങ്ങി.എങ്കിലും മാർച്ച് ഒന്ന് ക്യാപ്റ്റൻ അമേരിക്കയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തുടക്കം സംഭവിച്ച തീയതിയായി കണക്കാക്കപ്പെടുന്നു.
ജർമനിയിൽ ഹിറ്റ്ലർ നടത്തുന്ന നരനായാട്ടിനെതിരെ ശക്തമായ പ്രതിഷേധമുള്ളസൈമണും കിർബിയും നാസി ജർമനിക്കെതിരെ പോരാടുന്ന ഒരു കഥാപാത്രത്തിനാണ് ലക്ഷ്യം വച്ചത്.ക്യാപ്റ്റൻ അമേരിക്കയുടെ പിറവിയുടെ കഥ അവിടെ തുടങ്ങുന്നു.
ടൈംലി കോമിക്സാണ് പിന്നീട് വിശ്വവിഖ്യാതമായ മാർവൽ കോമിക്സായി രൂപാന്തരം പ്രാപിച്ചത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ തീവ്രനാളുകളടങ്ങിയ വർഷമായിരുന്നു 1941.രണ്ടാം ലോകമഹാ യുദ്ധകാലം.നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് ഒഴിവാകാൻ ലോകത്തു യുവാക്കൾ പല അടവുകളും പയറ്റുന്ന കാലഘട്ടമായിരുന്നു അത്.എന്നാൽ സ്റ്റീവ് റോജേഴ്സ് വ്യത്യസ്തനായിരുന്നു
എങ്ങനെയെങ്കിലും അമേരിക്കൻ സൈന്യത്തിൽ ചേരണമെന്നായിരുന്നു അവന്റെ ആഗ്രഹം.ശക്തമായ മനസ്സും ധാർമികമൂല്യങ്ങളും ആവോളമുണ്ടായിരുന്നെങ്കിലും അവന്റെ ശാരീരിക ശക്തി പരിമിതമായിരുന്നു.അതിനാൽ പലതവണ സൈനിക റിക്രൂട്ട്മെന്റിൽ നിന്ന് അവൻ പുറത്തായി.എന്നാൽ പിന്നീട് യുഎസ് സൈന്യം ഗവേഷണം നടത്തി വികസിപ്പിച്ച സീറം കുടിച്ചതോടെ റോജേഴ്സ് ,ക്യാപ്റ്റൻ അമേരിക്ക എന്ന സൂപ്പർ സൈനികനായി മാറുന്നു. ഇന്ന് അവഞ്ചേഴ്സ് ആരാധകർക്കെല്ലാം അറിയാവുന്ന ഈ കഥയായിരുന്നു അന്നത്തെ കോമിക്സിലേതും.
ഹഞ്ച്ബാക്ക്, റെഡ് സ്കൾ, തുടങ്ങി അനേകം വില്ലൻമാർക്കെതിരെ കോമിക്സിൽ ക്യാപ്റ്റൻ പോരാടി.ഹിറ്റ്ലറിനെതിരെ ശക്തമായ വികാരം അക്കാലത്ത് ജനമനസ്സുകളിൽ നിറഞ്ഞു നിന്നതിനാൽ ക്യാപ്റ്റൻ അമേരിക്കയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.അക്കാലത്ത് ‘സെന്റിനൽസ് ഓഫ് ലിബർട്ടി’ എന്ന പേരിൽ ക്യാപ്റ്റൻ അമേരിക്കയ്ക്ക് ഒരു ഫാൻ ക്ലബ്ബുണ്ടായിരുന്നു.അതിൽ അനേകം അംഗങ്ങളും.കുറച്ചുവർഷങ്ങൾക്കു ശേഷം രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.അതോടെ ദേശസ്നേഹികളായ സൂപ്പർഹീറോമാരുടെ സ്വീകാര്യതയും ഇടിഞ്ഞു തുടങ്ങി.ക്യാപ്റ്റൻ അമേരിക്കയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
തുടർന്ന് 1949ൽ പുറത്തിറങ്ങിയ ഒരു കോമിക്സിൽ ,ഒരു ബോംബ് നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ ക്യാപ്റ്റൻ ഐസിലാണ്ടുപോയതായി ചിത്രീകരിച്ച് ക്യാപ്റ്റൻ അമേരിക്കയുടെ പേരിലുള്ള കോമിക്സിന് മാർവൽ അവസാനം കുറിച്ചു.1969ൽ പ്രസിദ്ധീകരിച്ച അവഞ്ചേഴ്സ് 4 എന്ന കോമിക്സിൽ ക്യാപ്റ്റൻ തിരികെയെത്തി.മഞ്ഞിൽ നിന്നും അവഞ്ചേഴ്സ് അംഗങ്ങൾ ക്യാപ്റ്റനെ കണ്ടെത്തുന്നതായിരുന്നു കഥ.
പ്രസിദ്ധ കോമിക്സ് എഡിറ്റർ സ്റ്റാൻലീയായിരുന്നു ഈ തിരിച്ചെത്തലിനു ചുക്കാൻ പിടിച്ചത്.പിന്നീട് കുറേക്കാലം കോമിക്സ് രംഗത്ത് ക്യാപ്റ്റന്റെയും അവഞ്ചേഴ്സിന്റെയും പടയോട്ടമായിരുന്നു. 2011ൽ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായിറങ്ങിയ ക്യാപ്റ്റൻ അമേരിക്ക –ദി ഫസ്റ്റ് അവഞ്ചർ എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ അഭ്രപാളിയിൽ തരംഗം തീർത്തത്.
コメント