ആയുർവേദം.
Updated: Mar 12, 2024

ഭാരതീയമായ ആരോഗ്യസംരക്ഷണ രീതിയാണ് ആയുര്വ്വേദം. ആയുര്വ്വേദം എന്നാല് ജീവന്റെ ശാസ്ത്രം അഥവാ ആയുസിനെ കുറിച്ചുള്ള വേദം ആണ്. ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം.
‘പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യുർ’ എന്ന് നമ്മൾ കുട്ടിക്കാലം തൊട്ടേ കേൾക്കുന്നതാണ്. പക്ഷേ പ്രിവൻഷൻ എങ്ങനെ സാധ്യമാക്കാമെന്നു നമുക്ക് ആദ്യം മനസ്സിലാക്കിത്തന്നത് മാനവരാശിയോളം തന്നെ പഴക്കമുള്ള ആയുർവേദ ശാസ്ത്രമാണ്.
ഒരു ചികിത്സാ ശാസ്ത്രം എന്നതിലുപരി ജീവിതദർശനം കൂടിയാണ് ആയുർവേദം. അടിസ്ഥാന അറിവ് പോലും ഇല്ലാതെ, വ്ളോഗുകളിൽ അല്ലെങ്കിൽ നവമാദ്ധ്യമങ്ങളിലെ കുറിപ്പുകളിൽ പറയുന്നത് പോലെ എന്തിനും പരിഹാരം അല്ലങ്കിൽ ചികിത്സ നൽകുന്ന ഒന്നായി ആയുർവേദത്തെ കാണരുത്.
രോഗപ്രതിരോധത്തിനുള്ള ഒരു കുറുക്കു വഴിയും, അല്ലെങ്കിൽ അത്ഭുത സിദ്ധിയും ഒരു ആയുർവേദ മരുന്നുകളിലും ഇല്ലെന്ന് തന്നെ പറയേണ്ടി വരും. രാവിലെ മുതൽ വൈകിട്ട് വരെ കലോറി ശ്രദ്ധിക്കാതെ ആഹാരം കഴിക്കുന്ന ഒരാൾ തടി കുറയ്ക്കാൻ അത്ഭുത മരുന്ന് തേടുന്നത് പോലെയാണ് പലരും ആയുർവേദ മരുന്നുകളെ അല്ലെങ്കിൽ ചികിത്സയെ സമീപിക്കുന്നത്.
ശാസ്ത്രത്തിൽ പറയുന്ന ദിനചര്യകളും (ഒരു വ്യക്തി ദൈനംദിന ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ) ഋതുചര്യകളും (ഒരു കൊല്ലം 6 ഋതുക്കളായി തിരിച്ച് ഓരോ ഋതുവിലും നമ്മള് ശീലിക്കേണ്ട കാര്യങ്ങൾ) അടക്കം മനുഷ്യൻ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട അനവധി കാര്യങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്ന ഏക ശാസ്ത്രമാണ് ആയുർവേദം.
Comments