ഭൂതത്താൻകെട്ട്
എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് പെരിയാർ നദിയിൽ പ്രകൃതിയുടെ പശ്ചാത്തലത്തിലുളള അണക്കെട്ടാണ് ഭൂതത്താൻ കെട്ട്. കോതമംഗലം നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഭൂതത്താൻ കെട്ട്.
കൗതുകമുണർത്തുന്ന പേരിനു പിന്നിലെ ഐതീഹ്യം തൃക്കാരിയൂർ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണ്.
ഭൂതത്താൻകെട്ടിൽ നിന്ന് കഷ്ടിച്ച് 10 കിലോമീറ്റർ മാത്രം അകലെയുള്ള തൃക്കാരിയൂർ മഹാദേവക്ഷേത്രം വെള്ളം കയറ്റി നശിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഭൂതങ്ങൾ പെരിയാറിന് കുറുകെ വമ്പൻ കല്ലുകൾ നിരത്തി അണക്കെട്ട് പണിയാനാരംഭിച്ചു.
എന്നാൽ ഇതു മനസ്സിലാക്കിയ പരമശിവൻ ഒരു കോഴിയുടെ രൂപം സ്വീകരിച്ച് അണക്കെട്ടിന്റെ പണിപൂർത്തിയാകുന്നതിന് മുൻപേ കൂവുകയും ഭൂതങ്ങൾ പ്രഭാതമായി എന്നു വിചാരിച്ച് ഓടി മറയുകയും ചെയ്തു എന്നാണ് ഐതിഹ്യം.
കാട്ടിലൂടെയുളള നടത്തവും, തടാകത്തിലെ ബോട്ടുയാത്രയുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇപ്പോഴത്തെ ഭൂതത്താൻ കെട്ട് അണക്കെട്ടിൽ നിന്ന് വനത്തിലൂടെ നടന്ന് ഭൂതത്താന്മാർ കെട്ടിയെന്ന് കരുതുന്ന പ്രദേശത്തേക്ക് വരാവുന്നതാണ്. റോഡിന് കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതിഹ്യത്തിനനുസരിച്ച് ഭൂതത്താൻന്മാർ കല്ല് ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.
കുട്ടികൾക്കുള്ള മനോഹരമായ ഒരു പാർക്കും ഇവിടെയുണ്ട്. വാരാന്ത്യങ്ങളിൽ സന്ദർശകരുടെ വലിയ തിരക്ക് തന്നെയാണ് ഭൂതത്താൻകെട്ടിൽ.
Comments