top of page
Writer's picturePRIME KOCHI

പുടിന്റെ കാർ ഇനി കിം ജോങ് ഉന്നിന്

ഓറസ് സെനറ്റ് പുടിന്റെ ഔദ്യോഗിക വാഹനം


റഷ്യന്‍ വാഹന നിര്‍മാതാക്കളായ ഓറസ് മോട്ടോഴ്‌സാണ് ഓറസ് സെനറ്റ് നിര്‍മിക്കുന്നത്. 2018ല്‍ രാജ്യന്തര തലത്തില്‍ പുറത്തിറക്കിയ ഈ വാഹനം റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഔദ്യോഗിക വാഹനം കൂടിയാണ്. സാധാരണ മോഡലില്‍ നിന്നു പ്രത്യേക സുരക്ഷാ സൗകര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് പുടിനായുള്ള വാഹനം ഒരുക്കിയിരിക്കുന്നത്. കോര്‍ട്ടേജ് എന്നാണ് പുടിന്റെ ഉപയോഗത്തിനായുള്ള ഓറസ് സെനറ്റിന് പേര്.


ഓറസ് സെനറ്റിന്റെ നീളത്തിലുള്ള ലിമസീന്‍ മോഡലാണ് പ്രസിഡന്റിന്റെ കാറായി ഉപയോഗിക്കുന്നത്. അഞ്ച് ഡോര്‍ സെഡാന്‍ രൂപത്തിലുള്ള ഓറസ് സെനറ്റ് സാധാരണക്കാര്‍ക്കും വാങ്ങാനാവും. റോള്‍സ് റോയ്‌സ് ഫാന്റമിനോടാണ് പുറംകാഴ്ചയില്‍ സെനറ്റിന് സാമ്യത. എന്നാല്‍ 1940കളിലെ സോവിയറ്റ് ലിമോസീനുകളിലൊന്നായ ZIS-110 വാഹനത്തില്‍ നിന്നാണ് പ്രചോദനം ഉള്‍ക്കൊണ്ടതെന്നാണ് ഓറസ് മോട്ടോഴ്‌സ് അറിയിക്കുന്നത്.



കാറുകളോ മറ്റേതെങ്കിലും തരത്തിലുള്ള ആഡംബര വസ്തുക്കളോ ഇറക്കുമതി ചെയ്യുന്നതിന് യുഎന്‍ ഉപരോധമുള്ള രാജ്യമാണ് ഉത്തര കൊറിയ. യുഎന്‍ ഉപരോധം വകവയ്ക്കാതെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന് ആഡംബര ലിമസീന്‍ ഓറസ് സെനറ്റ് സമ്മാനിച്ചിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍.


ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെ സൂചന കൂടിയാണ് ഈ ആഡംബര വാഹനം. ഒരു രാഷ്ട്ര തലവന് യോജിച്ച ആഡംബര സുരക്ഷാ സൗകര്യങ്ങള്‍ ഒത്തിണങ്ങിയ വാഹനം കൂടിയാണ് ഓറസ് സെനറ്റ്.


2023 ൽ റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ക്ഷണം സ്വീകരിച്ച് കിം ജോങ് ഉന്‍ റഷ്യയിലെത്തിയിരുന്നു. ഉത്തരകൊറിയന്‍ പ്രസിഡന്റും പുടിനും ഓറസ് സെനറ്റ് ലിമോസീനുകളിലൊന്നിലായിരുന്നു സഞ്ചരിച്ചിരുന്നത്. അന്നു തന്നെ കിം ജോങ് ഉന്നിന് വാഹനം ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് പ്യോങ് യാങില്‍ നിന്നു കിം യാത്ര ചെയ്ത പ്രത്യേക ട്രെയിനില്‍ തന്നെ പുടിന്‍ സ്‌നേഹ സമ്മാനമായി ഓറസ് സെനറ്റ് ലിമോസീന്‍ ഉത്തരകൊറിയയിലെത്തിക്കുകയും ചെയ്തു.





ഓറസ് ലിമോസിൻ കാറിന്റെ പ്രത്യേകതകൾ എന്ത് ?


5,631 എംഎം നീളവും 2,700 കിലോഗ്രാം ഭാരവുമുള്ള കാറാണ് ഓറസ് സെനറ്റ്. പ്രസിഡന്റിന്റെ ലിമസീന്‍ മോഡലിലേക്കെത്തുമ്പോള്‍ നീളം 6,700എംഎം ആയി പിന്നെയും കൂടും. റഷ്യന്‍ പ്രസിഡന്റിനു വേണ്ട പ്രതിരോധ സൗകര്യങ്ങളും ഈ വാഹനത്തിലൊരുക്കിയിട്ടുണ്ട്.


ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകള്‍, ബോംബ് സ്‌ഫോടനത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന അടിഭാഗം, വായു ഇല്ലെങ്കിലും സഞ്ചരിക്കാന്‍ സാധിക്കുന്ന ടയറുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ആയുധങ്ങള്‍, അത്യാവശ്യ സമയങ്ങളില്‍ ഓക്‌സിജന്‍ വിതരണം എന്നിവയെല്ലാം ഈ കാറിലുണ്ട്. സെക്യുര്‍ ലൈന്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റവും ഓറസ് സെനറ്റിന്റെ ലിമസീനിലുണ്ട്.


6.6 ലീറ്റര്‍ വി12 എന്‍ജിനാണ് ഓറസ് സെനറ്റ് ലിമസീനിന്റെ ഹൃദയം. 850 ബിഎച്ച്പി കരുത്ത് പുറത്തെടുക്കുന്ന എന്‍ജിനാണിത്. അതേസമയം ലോങ് വീല്‍ബേസ് സലൂണില്‍ 4.4 ലീറ്റര്‍ വി8 എന്‍ജിനാണുള്ളത്. 590 ബിഎച്ച്പി കരുത്തും പരമാവധി 880എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ കഴിയുന്ന മോഡലാണിത്. കിങ് ജോങ് ഉന്നിന്റെ കാര്‍ പ്രേമം നേരത്തെ പ്രസിദ്ധമാണ്.


നിരവധി ആഡംബര കാറുകള്‍ ഇപ്പോള്‍ തന്നെ ഉത്തരകൊറിയന്‍ മേധാവിയുടെ ഗാരിജിലുണ്ട്. ഏറ്റവും കുറഞ്ഞത് രണ്ട് മേബാക്ക് 62എസും മെഴ്‌സിഡീസ് മേബാക്ക് എസ് 650, ലെക്‌സസ് എല്‍എക്‌സ്, മെഴ്‌സിഡീസ് മേബാക്ക് ജിഎല്‍എസ് 600, മെഴ്‌സിഡീസ് പുള്‍മാന്‍ ഗാര്‍ഡ് എന്നീ ആഡംബര കാറുകള്‍ കിം ജോങ് ഉന്നിന്റെ ഗാരിജിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
1/2
bottom of page