PRIME KOCHI
ഇഞ്ചത്തൊട്ടി
എറണാകുളം ജില്ലയിലെ കോതമംഗലത്ത് നിന്നും 15 കിലോ മീറ്റർ അകലെ, ചാരുപാറയേയും-കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം.
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ് ഇഞ്ചത്തൊട്ടിയിലേത്. 185 മീറ്റർ നീളത്തിലുള്ള തൂക്കുപാലം 2012ലാണ് നിർമാണം പൂർത്തീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെൽ) ആണ് രൂപകല്പനയും നിർമാണവും നടത്തിയത്. ജലാശയത്തിൽ നിന്ന് 200 മീറ്ററോളം ഉയരമുണ്ട്.
പെരിയാറിൽ ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയർ പ്രദേശത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം സ്ഥിതി ചെയ്യുന്നത്. ഡാമിന്റെ ഷട്ടറുകൾ അടക്കുന്നതോടെ രൂപപ്പെടുന്ന നിരവധി ചെറു തടാകങ്ങൾ പ്രദേശത്തിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്നു.
ടൂറിസം പ്രദേശമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ധാരാളം സഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന വെഡ്ഡിംഗ് ഫോട്ടോഗ്രഫി ലൊക്കേഷനുകളിലൊന്നാണ് ഇവിടം.
ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായതിനാൽ തൂക്കുപാലത്തിന് ഇരുവശത്തുമുള്ള കടവുകളിലും തടാകത്തിലും ആഴം ഏറെയാണ്. അതിനാൽ നീന്തൽ അറിയാത്തവരും കുട്ടികളും പുഴയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണം.
സാഹസികത ഇഷ്ടപ്പെടുന്നവർക്കായി തൂക്കുപാലത്തിന് സമീപം സ്വകാര്യ വ്യക്തികൾ ഒരുക്കിയിരിക്കുന്ന കയാക്കിങ്, പെഡൽ ബോട്ട് സൗകര്യങ്ങൾ ഉണ്ട്.
കോതമംഗലം – തട്ടേക്കാട് റൂട്ടിൽ പുന്നേക്കാട് നിന്ന് വലത്തേക്ക് തിരിഞ്ഞാൽ അധികദൂരമില്ല. നേര്യമംഗലത്ത് നിന്നും ആവോലിച്ചാൽ വഴി എട്ട് കിലോ മീറ്റർ സഞ്ചരിച്ചാലും ഇവിടെ എത്താം. കോതമംഗലത്ത് നിന്ന് കെഎസ്‌ആർടിസി, സ്വകാര്യ ബസുകളും ഇടവിട്ട് സർവീസ് നടത്തുന്നുണ്ട്.
コメント