ആനവണ്ടി
ആനപ്പുറത്തു കയറാൻ കഴിഞ്ഞ മലയാളികൾ ഒരുപാടുണ്ടാകും. എന്നാൽ ‘ആനവണ്ടി’യിൽ കയറാത്തവർ ചുരുക്കമായിരിക്കും. ആനവണ്ടി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കെഎസ്ആർടിസി യെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
കേരളത്തിൽ ഏറ്‌റവുമധികം പേർക്ക് തൊഴിൽ നൽകുന്ന പ്രസ്ഥാനമാണ് കെഎസ്ആർടിസി. സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരുമായി അര ലക്ഷത്തിലേറെ ജീവനക്കാരാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ജോലി ചെയ്യുന്നത്. എങ്കിലും, കെഎസ്ആർടിസിയുടെ സമ്പന്നമായ ഇന്നലെകളുടെ കഥ പറഞ്ഞുതരുന്ന ഒരു മ്യൂസിയം ഇന്ന് നമുക്കില്ല. നിറഞ്ഞ അഭിമാനത്തോടെ, അതിലേറെ ഗൃഹാതുരതയോടെ യാത്ര ചെയ്യാൻ പറ്റിയ ഹെറിറ്റേജ് സർവീസുകളില്ല. എന്തിനധികം, അതിന്റെ ചരിത്രം പോലും ഇന്ന് നമ്മളിൽ പലർക്കുമറിയില്ല.
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് KSRTC സ്ഥാപിച്ചത് രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ് ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്.
ആദ്യമായി ഒരു ആനവണ്ടി നിരത്തിലോടി തുടങ്ങുന്നത് 1938 ഫെബ്രുവരി 20 നാണ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.
ആനവണ്ടിയുടെ ചരിത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് ഇതോടൊപ്പം.



留言