കോതമംഗലത്ത് ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് യുവാവിന് ദാരുണാന്ത്യം
എറണാകുളം ജില്ലയിലെ പുന്നേക്കാട് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് മാമലകണ്ടം സ്വദേശിയായ യുവാവ് മരിച്ചു. കോതമംഗലം, മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്.
2024 മാർച്ച് 11 രാത്രിയായിരുന്നു സംഭവം. രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോള്‍ പുന്നേക്കാട് കളപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്.
ഓട്ടോഡ്രൈവറാണ് വിജില്‍. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മ്ലാവ് ഇടിച്ച് മറിഞ്ഞ ഓട്ടോയുടെ അടിയില്‍ വിജില്‍ പെടുകയായിരുന്നു. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് കോതംമംഗലത്തെ ആശുപത്രിയിലെത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു.
വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ മ്ലാവ് അപ്രതീക്ഷിതമായി ഓട്ടോയുടെ മുന്നിലേക്ക് വന്നുകയറുകയായിരുന്നു.
രമ്യ ആണ് ഭാര്യ. നാലിലും ആറിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളാണ് വിജിലിന്. അമ്മ ക്യാൻസർ രോഗി ആണ്. കുടുംബത്തിന്റെ അത്താണിയായിരുന്നു വിജിൽ.