top of page

യാക്കോബായ സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ കാലംചെയ്തു

Writer's picture: PRIME KOCHIPRIME KOCHI

baselios bava, thomas pradhaman bava
ബസേലിയോസ് തോമസ് പ്രഥമൻ

കൊച്ചി ∙ യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ (95) കാലം ചെയ്തു. കൊച്ചിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ സഭയെ  ചേർത്തുപിടിച്ച അധ്യക്ഷനാണ്.


2 പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു. ചെറിയ ലോകത്തുനിന്നു വലിയ ആകാശങ്ങള്‍ കീഴടക്കിയാണു കാതോലിക്കാ ബാവാ വിടവാങ്ങുന്നത്. സഭ പ്രതിസന്ധിയുടെ പാരമ്യത്തിലേറിയപ്പോള്‍ പോരാട്ടത്തിന്റെ കനല്‍വഴിയില്‍ വിശ്വാസികളെ നയിച്ചു. ജീവിതംകൊണ്ടും ആശയംകൊണ്ടും പകരംവയ്ക്കാനില്ലാത്ത നേതൃത്വമാണു കാതോലിക്കാ ബാവായുടെ വേര്‍പാടോടെ യാക്കോബായ സഭയ്ക്കു നഷ്ടമാകുന്നത്.


എറണാകുളം പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും കോലഞ്ചേരി കല്ലിങ്കല്‍ കുഞ്ഞമ്മയുടെയും 8 മക്കളില്‍ ആറാമനായി 1929 ജൂലൈ 22 നാണ് അദ്ദേഹത്തിന്റെ ജനനം. ബാല്യകാല രോഗങ്ങള്‍ കുഞ്ഞൂഞ്ഞ് എന്ന സി.എം.തോമസിന്റെ പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസില്‍ അവസാനിപ്പിച്ചു. പിന്നീടു തപാല്‍ വകുപ്പില്‍ അഞ്ചലോട്ടക്കാരന്‍ (മെയില്‍ റണ്ണര്‍) ആയി ജോലിയില്‍ പ്രവേശിച്ചു.


മലേക്കുരിശ് ദയറായില്‍ സണ്‍ഡേ സ്‌കൂള്‍ പഠിപ്പിക്കുകയും വചനം പ്രസംഗിക്കുകയും ചെയ്തിരുന്ന സി.എം.തോമസിനെ കണ്ടനാട് ഭദ്രാസനാധിപനും പിന്നീടു കാതോലിക്കയുമായ പൗലോസ് മോര്‍ പീലക്‌സിനോസ് പിറമാടം ദയറായിലേക്കു നിയോഗിച്ചു. പൗലോസ് മാർ പീലക്‌സിനോസിൽനിന്ന് 1952 ല്‍ 23-ാം വയസ്സില്‍ അദ്ദേഹം കോറൂയോ പട്ടവും 1957ൽ ശെമ്മാശ പട്ടവും സ്വീകരിച്ചു. 1958 സെപ്റ്റംബര്‍ 21ന് അന്ത്യോഖ്യ പ്രതിനിധി യൂലിയോസ് ഏലിയാസ് ബാവയില്‍നിന്നു വൈദികപട്ടം സ്വീകരിച്ചു.


പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ്, വെള്ളത്തൂവല്‍, കീഴ്മുറി, വലമ്പൂര്‍ പള്ളികളില്‍ ഒരേസമയം വികാരിയായിരുന്ന അദ്ദേഹം ഫോര്‍ട്ട് കൊച്ചി, കൊൽക്കത്ത, തൃശൂര്‍, ചെമ്പൂക്കാവ്, പടിഞ്ഞാറെകോട്ട എന്നിവിടങ്ങളിലും അജപാലകനായി സേവനമനുഷ്ഠിച്ചു.


1974 ഫെബ്രുവരി 24ന് ദമാസ്‌കസിലെ സെന്റ് ജോര്‍ജ് പാത്രിയാര്‍ക്ക കത്തീഡ്രലില്‍ തോമസ് മോര്‍ ദിവന്നാസിയോസ് എന്ന പേരില്‍ പരിശുദ്ധ യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ അദ്ദേഹത്തെ മെത്രാപ്പോലീത്തയായി വാഴിച്ചു. തുടർന്ന് അങ്കമാലി, മലബാര്‍, ബാഹ്യകേരള ഭദ്രാസനങ്ങളുടെ ചുമതല ഒരേസമയം നിര്‍വഹിച്ചു. 1998 ഫെബ്രുവരി 22ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


2000 ഡിസംബർ 27ന് പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്‌ത ശ്രേഷ്‌ഠ കാതോലിക്കയായി തിരഞ്ഞെടുത്തു. 2002 ജൂലൈ 26ന് ദമാസ്‌കസിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പാത്രിയാര്‍ക്കാ കത്തീഡ്രലില്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ അദ്ദേഹത്തെ ബസേലിയോസ് തോമസ് പ്രഥമന്‍ എന്ന പേരിൽ ശ്രേഷ്‌ഠ കാതോലിക്കയായി വാഴിച്ചു.


2002 ജൂലൈ 6ന് പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗം മെത്രാപ്പൊലീത്തന്‍ ട്രസ്റ്റിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 2019 ഏപ്രില്‍ 27ന് മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നിർദേശപ്രകാരം കാതോലിക്കാ, അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത എന്നീ സ്ഥാനങ്ങൾ തുടർന്നും വഹിച്ചു. പ്രായാധിക്യത്തിന്റെ പ്രയാസങ്ങൾക്കിടയിലും സഭാ, സാമൂഹിക മണ്ഡലങ്ങളിൽ സജീവമായിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
1/2
bottom of page